ചിത്രപ്രിയയെ (19) കൊല്ലാന്‍ പ്രതി അലന്‍ (21) മുന്‍പും ആസൂത്രണം നടത്തിയെന്നാണ് കണ്ടെത്തല്‍. കാലടി പാലത്തില്‍ നിന്ന് തള്ളിയിട്ടു കൊല്ലാനാണ് പദ്ധതിയിട്ടത്.
കല്ലുകൊണ്ട് തലയ്ക്ക് അടിച്ചാണ് അലന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും 22 കിലോ ഭാരമുള്ള കല്ലാണ് തലയിലേക്ക് ഇട്ടതെന്നും പൊലീസ് കണ്ടെത്തി.
കുറ്റകൃത്യത്തിന് ശേഷം പ്രതി വേഷം മാറി മറ്റൊരു ബൈക്കില്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഈ ബൈക്ക് എത്തിച്ച സുഹൃത്തിനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതി അലനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയയെ അവധിക്കായി നാട്ടിലെത്തിയതിന് പിന്നാലെയാണ് കാണാതായത്. അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണത്തിനിടെ ചിത്രപ്രിയയുടെ ആണ്‍സുഹൃത്ത് അലന്‍ പൊലീസ് പിടിയിലായി. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായും പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയമാണ് അലനെ കൊലപാതകത്തിലേക്ക് നയിച്ചതും പൊലീസ് കണ്ടെത്തിയിരുന്നു.
കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണവുമുണ്ടായിരുന്നു. കേസില്‍ കൂടുതല്‍ തെളിവിനായി ചിത്രപ്രിയയുടെ ബംഗളൂരുവിലെ സുഹൃത്തുക്കളില്‍ നിന്നടക്കം പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.















































































