തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് റോഡിരികില്‍ അടിയന്തര ശസ്‌ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് അഭിനന്ദനവുമായി കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ.
ഡോ. മനൂപ്, ഡോ. തോമസ് പീറ്റർ അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയ എന്നവരെ ഗവർണർ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. മൂന്ന് ഡോക്ടർമാരും കേരളത്തിന്റെ അഭിമാനമാണെന്ന് ഗവർണർ പറഞ്ഞു. ഔദ്യോഗിക വസതിയായ ലോക്ഭവനിലേക്ക് ഡോക്ടർ സംഘത്തെ ഗവർണർ ക്ഷണിച്ചിട്ടുണ്ട്. യുവ ഡോക്ടർമാരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് കേരളം. ഇതിനിടെയാണ് ഡോക്ടർമാരെ തേടി ഗവർണറുടെ വിളിയും എത്തിയത്.
എറണാകുളം തെക്കൻ പറവൂറിലാണ് സംഭവം നടന്നത്. കൊല്ലം സ്വദേശി ലിനുവിനാണ് ഇവർ രക്ഷകരായത്. വാഹനാപകടത്തില്‍ യുവാവിന്റെ ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടിരുന്നു. ഇതിനിടെയാണ് ആശുപത്രി ഡ്യൂട്ടിക്ക് ശേഷം തെക്കൻ പറവൂരിലെ പള്ളിയിലേക്ക് പോകുകയായിരുന്ന ഡോക്ടർമാർ റോഡില്‍ പരിക്കേറ്റ് കിടക്കുന്ന മൂന്ന് യുവാക്കളെ കണ്ടത്. ഇതില്‍ ലിനുവിന്റെ പരിക്ക് ഗുരുതരമായിരുന്നു. ആശുപത്രിയില്‍ എത്തുന്നതുവരെ യു ജീവൻ നിലനില്‍ക്കില്ലെന്ന് മനസിലായതിനാല്‍ മൂന്ന് ഡോക്‌ടർമാരും ചേർന്ന് റോഡരികില്‍ തന്നെ ശുശ്രൂഷ നല്‍കുകയായിരുന്നു.
മറ്റുവഴികളില്ലാത്തതിനാല്‍ നാട്ടുകാർ സംഘടിപ്പിച്ച് നല്‍കിയ സ്‌ട്രോയും ബ്ലേയ്‌ഡും ഉപയോഗിച്ച് മൊബൈല്‍ വെളിച്ചത്തിലായിരുന്നു അടിയന്തര ശസ്ത്രക്രിയ. ഗ്ലൗസ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തരുതെന്ന് ഡോക്‌ടർമാർ നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. നാട്ടുകാർ ഇത് അനുസരിച്ചു. ഒടുവില്‍ ആംബുലൻസ് എത്തിയപ്പോഴേക്കും ലിനു ശ്വസിക്കാൻ തുടങ്ങിയിരുന്നു. നിലവില്‍ എറണാകുളം വെല്‍കെയർ ആശുപത്രയിലെ ചികിത്സയിലാണ് യുവാവ്.














































































