തിരുവനന്തപുരം: ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ ഓണാഘോഷം നടത്തി. ഗാന്ധി ഭവൻ കുടുംബാംഗങ്ങളുമായി ചേർന്ന് നടത്തിയ പരിപാടി വേറിട്ടൊരു അനുഭവമായിരുന്നു. അന്തേവാസികളും ജനാധിപത്യ കലാ സാഹിത്യ വേദി അംഗങ്ങളും ചേർന്ന് പൂക്കളമൊരുക്കി. ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഭദ്രദീപം കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും ഓണപ്പാട്ടുകളും കോർത്തിണക്കിയ ഗാനോപഹാരം ഹൃദ്യമായിരുന്നു. ഗായകരായ കെ.സി. രമ, ജയപ്രകാശ് എൻ.പി. , സലിം കുളപ്പട, ഷാഹിന, കുമാരി അനാമിക പുഷ്പരാജൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. അന്തേവാസികളെ പങ്കെടുപ്പിച്ചു കൊണ്ട് ശൂരനാട് സുവർണ്ണൻ അവതരിപ്പിച്ച മിമിക്രി സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. സാംസ്ക്കാരിക സമ്മേളനം ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർപേഴ്സൺ എം. എ മുംതാസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡോ. പുനലൂർ സോമരാജനെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള സ്വാഗതവും കൊല്ലം ജില്ലാ വൈസ് ചെയർമാൻ പ്രമോദ് തുരുത്തിക്കര നന്ദിയും പറഞ്ഞു. ഗാന്ധിഭവനിൽ ജനാധിപത്യ കലാ സാഹിത്യ വേദിയ്ക്ക് വേണ്ടി ഗാന്ധി ചിത്രം വരച്ച ചിത്രകാരൻ പി.ടി. യൂസഫ്,

1500 ൽ അധികം വേദികളിൽ ലഹരി വിമുക്ത നാടകം അവതരിപ്പിച്ച ജോമോൻ ശൂരനാട് , ഒറ്റ ഗാനം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ ഗായിക അനാമിക പുഷ്പ രാജൻ, അധ്യാപകനായ ശൂരനാട് രാജേന്ദ്രൻ എന്നിവർക്ക് പുരസ്ക്കാരങ്ങൾ നൽകി. സമ്മേളനാനന്തരം ഡോ. ഇടയ്ക്കിടം ശാന്തകുമാറും സംഘവും മാജിക്ക് ഷോ അവതരിപ്പിച്ചു. സി. മുരളീധരൻ നായർ, എൽ. ജി. ഉദയകുമാർ , കെ.ജി. റജി പത്തനംതിട്ട , ശിവ കടമ്പനാട്, പുനലൂർ ഷാജി, സന്തോഷ് പവിത്രം തുടങ്ങിയവർ സംബന്ധിച്ചു.












































































