ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാലമ്മയെ ദർശിക്കുന്നതിനായി പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഇതിനോടകം തന്നെ എത്തിയത്. രാവിലെ പത്ത് മണിയോടെയാകും പൊങ്കാല അടുപ്പിലേക്ക് തീ പകരുക. അടുപ്പുവെട്ടിന് ശേഷം ഉച്ചയ്ക്ക് 2.30 ന് നിവേദ്യം. രാത്രി കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽകുത്ത്. രാത്രി 10.15 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. നാളെ രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8 ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.15 ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമാകും.
