കോട്ടയം: പുളിമൂട് ജംഗ്ഷനിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് പെരിയകുളം
വടുതപ്പെട്ടി സ്വദേശി ബദനസ്വാമി പാണ്ടിയെ (24) ആണ് എംസി റോഡരികിലെ കടകളോട് ചേർന്നുള്ള നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷം കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച കവറിൽ തുണികളും കുറച്ചു പഴങ്ങളും ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്നാട്ടിലെ ധനകാര്യസ്ഥാപനത്തിൽ നിന്നും സ്വർണ്ണം പണയം വച്ചതിൻ്റെ രേഖകളുമുണ്ട്.
സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇയാളുടെ ബന്ധുക്കളെ ബന്ധപ്പെടാനുള്ള ശ്രമവും പോലീസ് ആരംഭിച്ചു. മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.