വിശുദ്ധ വാരത്തിന്റെ പുണ്യ ദിനങ്ങൾ പരീക്ഷാക്കാലമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ–മെയിൻ രണ്ടാംഘട്ട പരീക്ഷ തീയതികളാണ് ദേശീയ പരീക്ഷാ ഏജൻസി ക്രൈസ്തവ വിശ്വാസികളെ പരിഗണിക്കാതെ പ്രസിദ്ധീകരിച്ചത്. പെസഹാ വ്യാഴമായ ഏപ്രിൽ 2, ദുഃഖശനി ദിവസമായ ഏപ്രിൽ 4, ഈസ്റ്റർ ദിവസമായ ഏപ്രിൽ 5 എന്നീ തീയതികളിലും പരീക്ഷ നിശ്ചയിചിട്ടുണ്ട്. ഇതിനു മുൻപും പിൻപും സൗകര്യപ്രദമായ തീയതികൾ ഉണ്ടായിട്ടും വിശുദ്ധ വാരം തന്നെ പരീക്ഷകൾക്ക് തിരഞ്ഞെടുത്തത് പ്രതിഷേധാർഹമാണ്. തിരഞ്ഞെടുപ്പുകാലത്ത് പോലും ഇത്തരം നടപടികൾ സ്വീകരിക്കുന്നത് അദ്ഭുതപ്പെടുത്തുന്നു. ഈ തീയതികളിൽ നിശ്ചയിക്കപ്പെട്ട പരീക്ഷകൾ പുന:ക്രമീകരിക്കുവാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും അഡ്വ.ബിജു ഉമ്മൻ പറഞ്ഞു.














































































