ന്യൂഡല്‍ഹി: നിര്‍ണ്ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോണ്‍ഗ്രസിനും ബിജെപിക്കും തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാണ്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളാണ് രാജ്യസഭയില്‍ ഒഴിവു വന്നിട്ടുള്ളത്. ഇതില്‍ 41 ഇടത്ത് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാലു സംസ്ഥാനങ്ങളിലായി അവശേഷിക്കുന്ന 16 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
മഹാരാഷ്ട്ര, രാജസ്ഥാന്, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു. കര്‍ണ്ണാടകയിലും എംഎല്‍എമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോര്‍ട്ടിലേക്കാക്കി. ജെഡിഎസ്സിന്റെ മുഴുവൻ എംഎല്‍മാരെയുമാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ നാലു സീറ്റുകളാണ് ഒഴിവുള്ളത്. ഇതില്‍ മൂന്നെണ്ണം കോണ്‍ഗ്രസിന് ലഭിക്കും. ദേശീയ നേതാക്കളായ മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രമോദി തിവാരി എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. ഘനശ്യാം തിവാരിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ തമ്മിലടിയില്‍ അട്ടിമറി പ്രതീക്ഷിച്ച് ബിജെപി, സീ ന്യൂസ് ചാനൽ ഉടമ സുഭാഷ് ചന്ദ്രയെ സ്വതന്ത്രനായി രംഗത്തിറക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ആറു സീറ്റാണ് ഒഴിവുള്ളത്. എന്നാല്‍ ഏഴു പേരാണ് മത്സരരംഗത്തുള്ളത്. ബിജെപി മൂന്നു പേരെയും ശിവസേന രണ്ടു പേരെയും കോണ്‍ഗ്രസും എന്‍സിപിയും ഓരോരുത്തരെയും സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നു. ബിജെപിക്ക് രണ്ടു സീറ്റില്‍ ജയിക്കാമെന്നിരിക്കെയാണ്, മൂന്നു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടുള്ളത്.