കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മൂന്ന് ദിവസം മുമ്പ് കൊച്ചിയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷ് ഇപ്പോഴും ഐസിയുവിലാണ്. ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാന ഘട്ടത്തിലാണ് രാജേഷ് അപ്രതീക്ഷിതമായി തളർന്ന് വീണത്. സംഭവം നടന്നതിനു പിന്നാലെ ഏകദേശം 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ അദ്ദേഹത്തെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. വീണപ്പോള്‍ തന്നെ ഹൃദയാഘാതം ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു.
ആശുപത്രിയില്‍ എത്തിച്ച ഉടൻ രാജേഷിന് ആഞ്ജിയോപ്ലാസ്റ്റി നടത്തിയെങ്കിലും അവസ്ഥ ഗുരുതരമായതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ ആശങ്ക തുടരുകയാണെന്ന് സുഹൃത്തുക്കളും ആശുപത്രി അധികൃതരും വ്യക്തമാക്കി.