ന്യൂഡൽഹി: എഐഎംഐഎം നേതാവും, എംപിയുമായ അസദുദ്ദീൻ ഉവൈസിയുടെ ഡൽഹിയിലെ വീടിന് നേരെ കല്ലേറെന്ന് പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡൽഹിയിലെ അശോക റോഡിലെ വസതിയിൽ വൈകിട്ട് 5.30ഓടെയാണ് സംഭവം നടന്നത്. അജ്ഞാതരായ ആളുകൾ കല്ലെറിയുകയും ജനാലകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായാണ് പരാതി.'രാത്രി 11:30ന് ഞാൻ വീട്ടിലെത്തിയപ്പോഴാണ് ജനലുകളുടെ ചില്ലുകൾ തകർന്നതായി കണ്ടത്. വീട്ടിനുള്ളിൽ കല്ലുകളും പാറക്കഷ്ണങ്ങളും ഉണ്ടായിരുന്നു. വൈകുന്നേരം 5:30 മണിയോടെ ഒരു സംഘം അക്രമികൾ വീടിന് നേരെ കല്ലെറിഞ്ഞതായി വീട്ടുജോലിക്കാരനാണ് അറിയിച്ചതെന്നും ഉവൈസി നൽകിയ പരാതിയിൽ പറയുന്നു.തൻ്റെ വസതിക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു.'
















































































