തിരുവനന്തപുരം: പൂവാറിൽ ലഹരിപിടിപ്പിക്കുന്ന അരിഷ്ടക്കച്ചവടം. ബാറിൻ്റേതിന് സമാനമായ കൗണ്ടറിൽ നിന്ന് അരിഷ്ടം വാങ്ങി അവിടെ നിന്നുതന്നെ കുടിക്കുന്നവരുമുണ്ട്. തലയ്ക്ക് പിടിക്കുന്ന ലഹരിക്ക് വേണ്ടി അരിഷ്ടം പൊട്ടിച്ച് കുടിക്കുന്ന നിരവധി പേർ ഒളിക്യാമറയിൽ കുടുങ്ങി. പിന്നാലെ സ്ഥലത്ത് എക്സൈസ് റെയ്ഡ് നടത്തി അരിഷ്ടം വിൽക്കുന്ന സ്ഥാപനം അടച്ച് പൂട്ടി.
മെഡിഗാർഡ് ഫാർമസ്യൂട്ടിക്കൽസ് ഏജൻസി എന്ന പേരിൽ നടത്തുന്ന സ്ഥാപനത്തിൻ്റെ മറവിലാണ് വിൽപന. തീരപ്രദേശം കൂടിയായ പൂവാറിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ബെവ്കോയ്ക്ക് സമാനമായി പ്രവർത്തിച്ച് ലക്ഷങ്ങളാണ് കൊയ്യുന്നത്. ബിയറിൽ ഉള്ളതിൻ്റെ ഇരട്ടിയളവ് ആൾക്കഹോൾ ചേർത്താണ് അരിഷ്ടം വിൽപന നടത്തിവരുന്നത്.
കടയിലെ ജീവനക്കാരനായ അനിൽ കുമാറിനെ ഒന്നാം പ്രതിയാക്കി നെയ്യാറ്റിൻകര എക്സൈസ് കേസെടുത്തു. ഡോ. ഫാറൂഖ് ആണ് രണ്ടാംപ്രതി. ഇയാൾ ഒന്നിലധികം കേസുകളിൽ പ്രതിയാണ്. നാല് കമ്പനികളുടെ അരിഷ്ടത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. കടയിൽ നിന്നും 9350 രൂപ പിടിച്ചെടുത്തു. ലൈസൻസിന് വിരുദ്ധമായാണ് അരിഷ്ടക്കച്ചവടം നടന്നതെന്ന് ഇൻസ്പെക്ടർ അജയകുമാർ വ്യക്തമാക്കി. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും കണ്ടെത്താനായില്ല.