തൃശ്ശൂർ: പാലിയേക്കര ടോൾ പിരിവിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. തിങ്കളാഴ്ചവരെയാണ് നീട്ടിയത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം പാത ഗതാഗത യോഗ്യമാക്കിയോ എന്ന കാര്യം എൻ എച്ച് എ ഐ ജില്ലാ കളക്ടറെ അറിയിക്കണം. ജില്ലാ കളക്ടർ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോൾ പിരിവിന് അനുമതി നൽകണമെന്നാണ് ദേശിയപാത അതോറിറ്റി ഹൈക്കോടതിയിൽ ഇന്നും ആവർത്തിച്ച് ആവശ്യപ്പെട്ടത്. എന്നാൽ അത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
പാത ഗതാഗതയോഗ്യമാക്കുമെന്നും പണി ഉടൻ പൂർത്തിയാക്കുമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിക്ക് മാസങ്ങൾക്ക് മുൻപ് ഉറപ്പുനൽകിയിരുന്നു. ഇക്കാര്യമാണ് ദേശീയപാത അതോറിറ്റി രേഖാമൂലം കളക്ടറെ അറിയിക്കേണ്ടത്. ഈ റിപ്പോർട്ട് ശരിയാണോ എന്ന് ജില്ലാ കളക്ടർ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കണം. തൃശ്ശൂർ ജില്ലാ കളക്ടർ ഓൺലൈനായാണ് കോടതി നടപടിയിൽ പങ്കെടുത്തത്. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗതകുരുക്കുണ്ടാകുന്നതു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ആറിനാണ് കോടതി ടോൾ പിരിവ് ആദ്യം ഒരുമാസത്തേക്ക് തടഞ്ഞത്.