കോട്ടയം: വയലായിൽ മെത്ത ഫാക്ടറി തീപിടുത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചു. വയലാ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം ഫാക്ടറിയിലാണ് തീപിടുത്തത്തെ തുടർന്ന് ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് വയലാ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം ഫാക്ടറിയിൽ തീയും പുകയും ഉയരുന്നതായി നാട്ടുകാർ കണ്ടത്. സമീപവാസികൾ ചേർന്ന് വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതോടെയാണ് ഫയർഫോഴ്സ് സംഘമെത്തിയത്. ചകിരിയും റബ്ബറും ഉപയോഗിച്ച് മെത്ത നിർമ്മിക്കുന്ന ഫാക്ടറിയിൽ തീ അനിയന്ത്രിതമായി പടർന്നതോടെ പാലായിലും കടുത്തുരുത്തിയിലും നിന്നായി 4 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.
