ബെംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് അബ്ദുൾ നാസര്‍ മദനി നാളെ കേരളത്തിലെത്തും. മദനിയുടെ സുരക്ഷക്കായുള്ള ബെംഗളൂരു സിറ്റി ആംഡ് റിസര്‍വ് പൊലീസിന്റെ സമയ ക്രമം ലഭിക്കുന്നതോടെ യാത്ര ക്രമീകരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം കൊല്ലം ശാസ്താംകോട്ടയിലെ വീട്ടിലേക്ക് പോകുവാനാണ് സാധ്യത.
സുരക്ഷയ്ക്കായിയെത്തുന്ന പൊലീസുകാരുടെ മുഴുവന്‍ ചെലവും മദനി വഹിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിയുന്ന പിതാവിനെ കാണാന്‍ വരാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.വീട്ടിലെത്തിയതിനു ശേഷം ചികിത്സ സംബന്ധിച്ചുംതീരുമാനമെടുത്തേക്കും.ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുകയായിരുന്ന മദനി രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യാവസ്ഥയില്‍ ഇളവു തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഇന്നലെയാണ് ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചത്. ജൂലൈ 10 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി. പിതാവിന്റെ ആരോഗ്യനില മോശമാണെന്നും തനിക്ക് പിതാവിനെ കാണാന്‍ അവസരം നല്‍കണമെന്നും മദനി അപേക്ഷയില്ആവശ്യപ്പെട്ടിരുന്നു.