എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് നേതൃനിരയിൽ നിന്ന് യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും 25 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന്റെ സേവന കാലഘട്ടത്തിന്റെ ജൂബിലി ആഘോഷം സംഘടനാ വർഷമായി ആചരിക്കാൻ തീരുമാനം. വൈവിദ്ധ്യമാർന്ന ക്ഷേമ പ്രവർത്തനങ്ങൾ, സംഘടനാ പരിപാടികൾ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ, വിവിധ സംഘടന- വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും സെമിനാറുകളും തുടങ്ങി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്താൻ കണിച്ചുകുളങ്ങരയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം തീരുമാനിച്ചു. കേരളത്തിലെ ഭൂരിപക്ഷം വരുന്ന അവശ ജനവിഭാഗങ്ങൾക്ക് തന്റെ പ്രസംഗങ്ങളിലൂടെയും പ്രവൃത്തിയിലൂടെയും അന്തസും ആത്മാഭിമാനവുമുള്ള ജീവിതം നൽകാനുള്ള പോരാട്ടമാണ് വെള്ളാപ്പള്ളി നടേശൻ നടത്തുന്നത്. എസ്.എൻ.ഡി.പി യോഗത്തെ ഇത്രയും ചലനാത്മകവും ആവേശഭരിതവും ആക്കിത്തീർത്ത മറ്റൊരു നേതാവ് ചരിത്രത്തിലില്ല. കേരളത്തിലെ അവശത അനുഭവിക്കുന്ന ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സമകാലിക ചരിത്രമാണ് വെള്ളാപ്പള്ളി നടേശൻ എന്ന വ്യക്തിത്വത്തിന്റേത്. സാമൂഹ്യമാറ്റത്തിന്റെയും ഉണർവിന്റെയും ചരിത്രത്തെയാണ് അദ്ദേഹം സൃഷ്ടിച്ചത് .പരിപാടികളുടെ നടത്തിപ്പിനായി യോഗം യൂണിയൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യോഗം, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരടങ്ങുന്ന 3001 അംഗങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു..