പാലായിൽ വീട്ടിൽ കയറി ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഭരണങ്ങാനം സ്വദേശി ബിനോയിയെയും, ഭാര്യയെയും, മകനെയും ആണ് വീട്ടിൽ കയറി അച്ഛനും മകനും ബന്ധുവും ഉൾപ്പെടുന്ന മൂവർ സംഘം വെട്ടിപ്പരിക്കൽപ്പിച്ചത്. പരുക്കേറ്റ ബിനോയി അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനു മുന്നിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഓട്ടോറിക്ഷയിൽ എത്തിയ മൂവർ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ബിനോയിയെയും ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിൽ പാലാ ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേൽ വീട്ടിൽ ആൻറണി, ഇയാളുടെ മകൻ ബൈജു ആൻറണി, ഇവരുടെ ബന്ധുവായ ദേവസ്യ ആന്റണി എന്നിവരെ പാല പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
