കോട്ടയം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ കോട്ടയം ജില്ലയിൽ 2025-26 സാമ്പത്തികവർഷം ജൂൺ 30 വരെ 8,90,447 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനായി എന്നു അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന ദിശ യോഗം വിലയിരുത്തി.
39,730 കുടുംബങ്ങൾക്കായാണ് ഇത്രയും തൊഴിൽദിനങ്ങൾ സൃഷ്ടിച്ചത്. ഒരു കുടുംബത്തിന് ശരാശരി 22.41 തൊഴിൽദിനം നൽകാനായി. ജില്ലയിൽ എട്ടു കുടുംബങ്ങൾ 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കി. ജൂൺ വരെ തൊഴിലുറപ്പു വേതനമായി 32.60 കോടി രൂപ വിതരണം ചെയ്തു. സമയബന്ധിതമായുള്ള വേതനവിതരണത്തിൽ ജില്ല 98.82 ശതമാനം നേട്ടം കൈവരിച്ചതായും യോഗം വിലയിരുത്തി.
കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ശ്രദ്ധചെലുത്തണമെന്നും കളക്‌ട്രേറ്റ്് വിപഞ്ചിക ഹാളിൽ ചേർന്ന ജില്ലാ ഡവലപ്‌മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ 2025-26 സാമ്പത്തിക വർഷത്തെ ഒന്നാം പാദ അവലോകനയോഗത്തിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ജലജീവൻ മിഷൻ സംബന്ധിച്ച ജില്ലയിലെ പുരോഗതിയും പദ്ധതി നേരിടുന്ന തടസങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു.
യോഗത്തിൽ അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡെപ്യൂട്ടി ഡയറക്ടർ ആൻഡ് പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, കൊടിക്കുന്നിൽ സുരേഷ് എം. പി-യുടെ പ്രതിനിധി പി.എൻ. അമീർ, വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ദിശ യോഗത്തിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. സാംസാരിക്കുന്നു.












































































