കോട്ടയം : പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70 )അന്തരിച്ചു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ വർഷത്തെ ഹരിവരാസനം പുരസ്കാര ജേതാവായിരുന്നു.ആലപ്പി രംഗനാഥിന്റെ നിര്യാണത്തിൽ കേരളത്തിലെ പ്രമുഖ സംഗീത വിദ്യാലയമായ എം ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക് അനുശോചിച്ചു.സ്വാമി അയ്യപ്പനെക്കുറിച്ചുള്ള ഭക്തിഗാനങ്ങളിൽ മികച്ച ഗാനങ്ങളിൽ രംഗനാഥ് സാറിന്റെ ഗാനങ്ങളും ഉൾപ്പെടുമെന്ന് സരിഗമ സ്കൂൾ ഓഫ് മ്യൂസിക് പ്രിൻസിപ്പൽ ഐശ്വര്യാ എസ് കുറുപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
1949 മാർച്ച് ഒൻപതിനാണ് ആലപ്പി രംഗനാഥിൻ്റെ ജനനം. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം ജി ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്. 14-ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേർത്തത്. 40 വർഷമായി കോട്ടയം ഏറ്റുമാനൂരിലാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാദമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലെ സ്റ്റാഫ് മ്യൂസിക് ഡയറക്ടറായിരുന്നു.












































































