പാലിൽ മായം ചേർത്തുവെന്ന വാർത്തയുടെ പേരിൽ ഭക്ഷ്യ, ക്ഷീര വികസന വകുപ്പുകൾ തമ്മിലുള്ള തർക്കത്തിനിടയാക്കിയ 15300 ലിറ്റർ പാൽ ഇന്ന് നശിപ്പിക്കും. മായം ചേർക്കൽ കുറ്റത്തിന് കേസെടുത്തിട്ടില്ലാത്തതിനാൽ നടപടികൾ ഇതോടെ അവസാനിക്കാനാണ് സാധ്യത. അതേ സമയം ക്ഷീര ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ ഇല്ലെന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ പ്രതികരണം. ഭക്ഷ്യസുരക്ഷാ വകുപ്പ് തെന്മല പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പാൽ ഇന്നലെ ക്ഷീര വികസന വകുപ്പിന് കൈമാറിയിരുന്നു. ആലപ്പുഴ അഗ്രിസോഫ്ട് മിൽക്ക്സ് ഉടമസ്ഥൻ ഫയൽ ചെയ്ത ഹർജിയിൽ പാൽ ക്ഷീര വികസന വകുപ്പിന് കൈമാറി നശിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്യായമായി ടാങ്കർ കസ്റ്റഡിയിൽ വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇദ്ദേഹം ഹർജി ഫയൽ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഒരു കേസും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ക്ഷീര വികസന വകുപ്പിന് വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു.

പാൽ
പഞ്ചായത്തിന്റെ സഹായത്തോടെ നശിപ്പിച്ച് ടാങ്കർ ഉടമയ്ക്ക് കൈമാറണമെന്നാണ് കോടതി
ഉത്തരവ്. 11-ാം തീയതി രാവിലെ 5 മണിക്കാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വച്ച്
തെങ്കാശിയിലെ കർഷകരിൽ നിന്ന് ശേഖരിച്ച പാലുമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന
ടാങ്കർ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്.തുടർന്ന് നടത്തിയ പരിശോധനയിൽ പാലിൽ
ഹൈഡ്രജൻ പെറോക്സൈഡ് സാനിദ്ധ്യം സ്ഥിരീകരിക്കുകയും
വിശദമായ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് ടാങ്കർ കൈമാറുകയുമായിരുന്നു.
എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരത്തെ ലാബിൽ നടത്തിയ പരിശോധനയിൽ
ഹൈഡ്രജൻ പെറോക്സൈഡ് സാന്നിദ്ധ്യം കണ്ടെത്താനായതുമില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ്
ഭക്ഷ്യ, ക്ഷീര വികസന വകുപ്പുകൾ തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായത്.