കര്‍ണാടക: അന്യജാതിക്കാരനെ പ്രണയിച്ചതിന് മകളെ ബലമായി വിഷം കുടിപ്പിച്ച് ആത്മഹത്യയെന്ന് വരുത്തി തീര്‍ത്ത് പിതാവ്. കര്‍ണാടകയിലെ മെലകുണ്ടാ ഗ്രാമത്തിലാണ് സംഭവം. പതിനെട്ടുകാരിയാണ് കൊലപ്പെട്ടത്. പെണ്‍കുട്ടി സ്വയം ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കുടുംബം നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന പെണ്‍കുട്ടിയുടെ കാമുകന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് പെണ്‍മക്കളായിരുന്നു ശങ്കറിനുള്ളത്. ഒരാള്‍ അന്യജാതിക്കാരനെ പ്രണയിച്ചാല്‍ അത് മറ്റ് മക്കളുടെ ഭാവിയെ ബാധിക്കുമെന്നും അതിനാല്‍ പ്രണയത്തില്‍ നിന്ന് പിന്മാറണമെന്നും ശങ്കര്‍ മകളോട് ആവശ്യപ്പെട്ടിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റെല്ലാം മറക്കുകയും വേണമെന്നും ശങ്കര്‍ മകളോട് പറഞ്ഞു. എന്നാല്‍ തന്റെ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. മകളുമായി വാക്കേറ്റം രൂക്ഷമായതോടെ വായ ബലമായി തുറപ്പിച്ച് വിഷം ഒഴിച്ച് കുടിപ്പിക്കുകയായിരുന്നു.
ചെടിക്കടിക്കാന്‍ വച്ച കീടനാശിനിയാണ് ശങ്കര്‍ മകളുടെ വായില്‍ ഒഴിച്ചത്. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നു. മകള്‍ വിഷം കഴിച്ച് മരിച്ചതാണെന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ എല്ലാവരെയും വിശ്വസിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.















































































