കുമരകം: കോട്ടയം - കൊഞ്ചുമട റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സ് മോട്ടോർ വാഹന വകുപ്പിന്റെ ചട്ടം ലംഘിച്ചു എന്ന പരാതിയിൽ കുമരകം പോലീസ് നടപടി സ്വീകരിച്ചു. കുമരകം അമ്മങ്കരി വഴി കൊഞ്ചുമട സർവീസ് നടത്തുന്ന ബസ്സ് കുമരകം ചന്തക്കവലയിൽ സർവീസ് അവസാനിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് നൽകിയ പെർമിറ്റ് ലംഘനം നടത്തിയതിനാണ് ബസ്സിന് പിഴ ഈടാക്കിയത്. കോണത്താറ്റ് പാലം നിർമ്മാണം നടക്കുന്നതിനാൽ പാലത്തിൻ്റെ ഇരുകരകളിലും സർവീസ് അവസാനിപ്പിക്കാനായിരുന്നു ധാരണ . ഈ നിയന്ത്രണം കൊഞ്ചുമട അട്ടിപ്പീടിക റൂട്ടിൽ ഓടുന്ന ബസ്സുകൾക്ക് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അധികൃതർ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആളുകളെ കയറ്റി ഇരു കരകളിൽ നിന്നും സർവീസ് നടത്തുന്നത് സംബന്ധിച്ച് ബസ്സ് തൊഴിലാളികൾ തമ്മിൽ തർക്കവും നിലനിന്നിരുന്നു. യാത്രാ ക്ലേശം പരിഹരിക്കുവാൻ നൽകിയ അനുമതി അട്ടിപ്പീടിക കൊഞ്ചുമട റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഒരുപറ്റം ബസ്സ് തൊഴിലാളികളുടെ ആരോപണം. മോട്ടോർ വാഹന നിയമം ലംഘിക്കുന്ന ബസ്സുകൾക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് കുമരകം പോലീസ് അറിയിച്ചു.