കോട്ടയം: പഴയിടം കൊലക്കേസിൽ പ്രതി അരുൺകുമാറിന് വധശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ദമ്പതികളായ ഭാസ്കരൻ നായരെയും (75), ഭാര്യ തങ്കമ്മ (69) യേയും ചുറ്റികയ്ക്ക് തലക്കടിച്ച് കൊന്ന കേസിലാണ് ശിക്ഷ. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംരക്ഷിക്കേണ്ടയാൾ തന്നെ ക്രൂരമായ കൊലപാതകം നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. അച്ഛൻ്റെ സഹോദരിയേയും ഭർത്താവിനെയുമാണ് പ്രതി കൊലപ്പെടുത്തിയത്. 2013 ഓഗസ്റ്റ് 28നായിരുന്നു സംഭവം. തലയ്ക്കു പിന്നിൽ ചുറ്റിക കൊണ്ട് അടിച്ചു മുറിവേൽപിച്ച ശേഷം മുഖത്ത് തലയണ അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.ആഴ്ചകൾക്ക് ശേഷം അരുണിനെ വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ചതിനു കോട്ടയത്ത് അറസ്റ്റ് ചെയ്തതോടെയാണു കൊലപാതക കേസും തെളിഞ്ഞത്.
