കോഴിക്കോട് കാരപ്പറമ്പ് ഇരുമ്പ് പാലത്തുവെച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെ ആണ് തട്ടിക്കൊണ്ടുപോയത്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും വീട്ടിൽ നിന്ന് വിളിച്ച് കാറിൽ കയറ്റി കൊണ്ട് പോയെന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത ചേവായൂർ പോലീസ് യുവാവിനായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. 31 വയസുകാരനായ ഷാദിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു.
ഈ സമയം കാറിലെത്തിയ സംഘം ഷാദിലിനെ വിളിച്ചിറക്കി ഗേറ്റിന് പുറത്തെത്തിച്ച് സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് കാറിൽ കയറ്റികൊണ്ടുപോയത്. കാറിൻ്റെ നമ്പർ അടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാദിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.