തൃശൂർ: ഇനി കാഴ്ചാപരിമിതിയുള്ളവർക്ക് ധൈര്യമായി റോഡ് മുറിച്ച് കടക്കാം. കാഴ്ചാപരിമിതിയുള്ളവർക്ക് ട്രാഫിക് സിഗ്നലുകൾ തൊട്ട് മനസിലാക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് തൃശൂർ നഗരം.'ബഡ്ഡി സീബ്ര' എന്ന പേര് നൽകിയിട്ടുള്ള ഉപകരണം ഇന്ത്യയിൽ തന്നെ ആദ്യമായി തൃശൂരിലാണ് ഘടിപ്പിച്ചിരിക്കുന്നത്. നിലവിലെ ട്രാഫിക് സിഗ്നൽ സംവിധാനവുമായാണ് ഈ ഉപകരണം ബന്ധിപ്പിച്ചിട്ടുള്ളത്. മുകൾഭാഗത്ത് പ്രത്യേകം ഘടിപ്പിച്ച ഡോം ഭാഗം സിഗ്നലിൽ ചുവപ്പ് തെളിയുമ്പോൾ കറങ്ങുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്യും.ഇതിൽ സ്പർശിക്കുന്ന കാഴ്ച പരിമിതിയുള്ളവർക്ക് ഡോം കറങ്ങുന്നത് നിലക്കുമ്പോൾ റോഡ് മുറിച്ച് കടക്കാനുള്ള സമയം കൃത്യമായി മനസിലാക്കാനാകും. കൂടാതെ ഉപകരണം പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദവും റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാൻ സഹായകരമാകും. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാനുള്ള സംവിധാനങ്ങളും ഇതിനൊപ്പം ജംഗ്ഷനിൽ ഒരുക്കിയിട്ടുണ്ട്.
