തൃശൂര്‍: കേരളത്തിലെ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂര്‍ കോര്‍പ്പറേഷനില്‍ രാഷ്ട്രീയ ചൂട് ഉയരുന്നു. 55 അംഗ സഭയില്‍ 24 സീറ്റുകളുള്ള എല്‍ഡിഎഫ് ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. 2020-ല്‍ ബിജെപി വെറും 6 സീറ്റുകള്‍ മാത്രമാണ് നേടിയത്. എന്നാല്‍, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി 74,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ബിജെപിയെ പ്രതീക്ഷയിലാക്കുന്നു.
തൃശൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. സുരേഷ് ഗോപി ജയിച്ചത് വ്യാപകമായി വോട്ടുചേര്‍ത്താണെന്ന് ഇടതുവലതു മുന്നണികള്‍ ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇക്കാര്യത്തില്‍ സൂക്ഷ്മതപുലര്‍ത്തി തിരിച്ചുവരാനാണ് ശ്രമം.
രാഹുല്‍ ഗാന്ധി പുറത്തുവിട്ട ഹരിയാനയിലെ വോട്ടുചോരി മോഡല്‍ ബിജെപി തൃശൂരില്‍ പരീക്ഷിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മറ്റുസ്ഥലങ്ങളില്‍ നിന്നും ആളുകളെ എത്തിച്ച് വ്യാപകമായി വോട്ടുചേര്‍ക്കല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നടന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേരീതയില്‍ കോര്‍പ്പറേഷനിലും പരീക്ഷണം നടത്താനുള്ള സാധ്യത ഏറെയാണ്.
നിയമപ്രകാരം 6 മാസം ഒരുസ്ഥലത്ത് സ്ഥിരതാമസമാണെങ്കില്‍ അവിടെ വോട്ടുചേര്‍ക്കാം. ഈ നിയമത്തിന്റെ പഴുതുപയോഗിച്ചാണ് വോട്ടുചേര്‍ക്കല്‍. ഒരേ അഡ്രസ്സില്‍ തന്നെ കൂടുതല്‍പേരെ താമസിപ്പിക്കുന്നതായികാട്ടി വോട്ടുചേര്‍ക്കാന്‍ എളുപ്പമാണ്. രാഷ്ട്രീയ നേതാക്കള്‍തന്നെ ഇതിനായി വീടുകളും ഫ്‌ളാറ്റുകളും എടുക്കുന്നതും പതിവാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ടര്‍മാരുടെ എണ്ണം അസാധാരണമായി വര്‍ധിച്ചു. മറ്റു മണ്ഡലങ്ങളില്‍ ശരാശരി 80,000 മാത്രം വര്‍ധിച്ചപ്പോള്‍ തൃശൂരില്‍ അത് 1.45 ലക്ഷം ആണ്. പൂങ്കുന്നം, അയ്യന്തോള്‍ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്‌ലാറ്റുകളില്‍ ആയിരക്കണക്കിന് വോട്ടുകള്‍ ചേര്‍ത്തു. ഒരു വീട്ടമ്മയുടെ വിലാസത്തില്‍ 9 വ്യാജ വോട്ടുകള്‍. സുരേഷ് ഗോപിയുടെ ഡ്രൈവര്‍ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് വോട്ട് മാറ്റി. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് കൊല്ലത്തും തൃശൂരിലും ഇരട്ട വോട്ട് ഉണ്ടെന്ന ആരോപണവും ഉയര്‍ന്നു.
വികസനം മുന്നോട്ടുവെച്ചായിരിക്കും എല്‍ഡിഎഫിന്റെ പ്രചരണം. എല്‍ഡിഎഫ് മേയര്‍ എംകെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ലാലൂര്‍ മാലിന്യപ്രശ്‌നം പരിഹരിച്ചത് നേട്ടമാണ്. അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ക്ഷേമ പെന്‍ഷന്‍ തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പില്‍ വിഷയമാകും. യുഡിഎഫ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചരണവുമായിട്ടാകും ഇവിടെ ഇറങ്ങുക.
ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കാനും മുന്നണികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ബിജെപിയും മുന്നിലുണ്ട്.
ഏകദേശം 10 ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ ഫീല്‍ഡ് ചെയ്യാനാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സഭാ ബിഷപ്പുമാരുടെ കൂടിക്കാഴ്ച ഇതിന് അനുകൂലമായി.
2024-ലെ ലോക്സഭാ വിജയത്തിന് ശേഷം ബിജെപി തൃശൂര്‍ കോര്‍പ്പറേഷന്‍ പിടിക്കാന്‍ സുരേഷ് ഗോപി രംഗത്തുണ്ട്. വിവിധങ്ങളായ പരിപാടിയുമായി അദ്ദേഹം ബിജെപിയെ മുന്നില്‍നിന്നും നയിക്കുമ്ബോള്‍ കോര്‍പ്പറേഷനില്‍ അത്ഭുത വിജയമാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.












































































