ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍നിന്ന് ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ശശി തരൂർ രംഗത്തെത്തി.
2026 ലെ ഐപിഎല്‍ സീസണിന് മുമ്പ് കെകെആറില്‍ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ വിട്ടയച്ചതിനെതിരെയാണ് തരൂർ രംഗത്തെത്തിയത്. ബിസിസിഐ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ച സാഹചര്യത്തിലാണ് തരൂരിന്‍റെ പ്രതികരണം.
ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെയാണ് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ കെകെആറിന് നിർദേശം നല്‍കിയത്. 2026 ലെ ഐപിഎല്‍ ലേലത്തില്‍ 9.2 കോടി രൂപയ്ക്കാണ് കെകെആർ മുസ്തഫിസുറിനെ സ്വന്തമാക്കിയത്. ബിസിസിഐ അംഗീകരിച്ച കളിക്കാരില്‍ ഉള്‍പ്പെട്ടയാളാണ് മുസ്തഫിസുർ.
വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായ തരൂർ, നയതന്ത്ര സംഘർഷങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തിനോ ഒരു കായികതാരത്തെ ഇരയാക്കരുതെന്ന് ആവശ്യപ്പെട്ടു. ബിസിസിഐയുടെ തീരുമാനം ക്രിക്കറ്റിന് അർത്ഥവത്തല്ലെന്ന് തരൂർ പറഞ്ഞു. ബിസിസിഐ തന്നെ തയ്യാറാക്കിയ പട്ടികയില്‍ നിന്നാണ് ഫ്രാഞ്ചൈസികള്‍ കളിക്കാരെ തിരഞ്ഞെടുത്തതെന്നും, ലേലത്തിന് ശേഷം കെകെആറിന്റെ തിരഞ്ഞെടുപ്പിനെ എതിർക്കുന്നത് പരസ്പരവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിനെ പാകിസ്ഥാനുമായി തുലനം ചെയ്ത് അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുന്നതിനെയും തരൂർ വിമർശിച്ചു.















































































