സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക് തെരുവുനായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന് സംസ്ഥാന സർക്കാർ ഒരു കർമ്മസേനക്ക് രൂപം നൽകണമെന്ന വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോണിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ ഇതിനാവശ്യമായ പദ്ധതി രൂപരേഖ തയ്യറാക്കാനുള്ള നടപടികൾ ആരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം വിധിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മീഷൻ/കമ്മറ്റിയുടെ സേവനം അത്യന്താപേക്ഷിതമാണെന്നും ഇതിന്റെ പ്രവർത്തനം തുടരുന്നുണ്ടോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഒരു മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് പേവിഷബാധ കാരണമുള്ള മരണങ്ങൾക്ക് കടിഞ്ഞാണിടാനും തെരുവുനായ ശല്യം അമർച്ച ചെയ്യാനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് കമ്മീഷൻ നടപടി ആരംഭിച്ചത്.
വനം, കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആരോഗ്യം എന്നീ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കർമ്മസേനക്ക് രൂപം നൽകണമെന്നാണ് ഡോ. ജേക്കബ് ജോൺ നിർദ്ദേശിച്ചത്. ഇതിന്റെ മേധാവിയായി ആരോഗ്യ മേഖലയിലെ വിദഗ്ദ്ധനെ നിയോഗിക്കണം. സെക്രട്ടറിയായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ് വാൻസ്ഡ് വൈറോളജിയെയും കർമ്മസേനയിൽ ഉൾപ്പെടുത്തണമെന്നും ഡോ. ജേക്കബ് ജോൺ നിർദ്ദേശിച്ചിരുന്നു.
വ്യക്തമായ ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ 5 വർഷംകൊണ്ട് ജനങ്ങളെ പേവിഷ ബാധയിൽനിന്നും മുക്തമാക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് അടിയന്തരമായി സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.
കർമ്മസേന രൂപീകരിക്കുന്നതിനുള്ള വിശദമായ കർമ്മപദ്ധതി ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ഡോ. ജേക്കബ് ജോണിനോട് അഭ്യർത്ഥിച്ചു. വിവിധ വകുപ്പുകളുടെ പ്രവർത്തന രീതിയും റിപ്പോർട്ടിൽ വിശദമാക്കണം.
പേവിഷബാധ നിയന്ത്രിക്കുന്നതിനും തെരുവുനായ ആക്രമണം തടയുന്നതിനും സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾ തദ്ദേശസ്വയംഭരണം വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സുപ്രീം കോടതി പാസാക്കിയ ഉത്തരവും സർക്കാർ ഹാജരാക്കണം.
അഡീഷണൽ ചീഫ് സെക്രട്ടറി നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ ഓഗസ്റ്റ് 7 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണം. ഡോ. ജേക്കബ് ജോണിനെ വീഡിയോ കോൺഫറൻസിലൂടെ കമ്മീഷൻ കേൾക്കും.