ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും തീരുമാനങ്ങള്‍ സുപ്രധാനമാണ്; വരുംവരായ്കകള്‍ ഉണ്ടാവും. പക്ഷേ, പുരോഗതി വേണമെങ്കില്‍ റിസ്‌ക് എടുക്കുക തന്നെവേണം. നിലമ്പൂരില്‍ കോണ്‍ഗ്രസ് അതാണ് ചെയ്തത്. പി.വി. അന്‍വര്‍ കൈവിട്ട കളി കളിച്ചപ്പോള്‍ ഒരു വര വരച്ചു. ആ വരയ്ക്കുള്ളില്‍ നില്‍ക്കുന്നില്ലെങ്കില്‍ അന്‍വറില്ലാതെ മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചു. കെപിസിസി നേതൃത്വത്തിലെ അഴിച്ചുപണിയും സമാന്തരമായി നടന്നു. സുധാകരന്ഇ പകരം സണ്ണി ജോസഫ് വന്നു.
ഷാഫിയും വിഷ്ണുനാഥും അനില്‍കുമാറും വര്‍ക്കിങ് പ്രസിഡന്റുമാരായി. വെള്ളിവെളിച്ചത്തില്‍ നില്‍ക്കാതെയും പ്രവര്‍ത്തിക്കാനറിയുന്ന അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറായി. ഈ തീരുമാനങ്ങളത്രയും കോണ്‍ഗ്രസും യുഡിഎഫും ഒരു മുറുമുറുപ്പില്ലാതെ അംഗീകരിച്ചു എന്നതും കാണാതിരിക്കരുത്. ആര്യാടന്‍ ഷൗക്കത്തിനോടുള്ള സൗന്ദര്യപ്പിണക്കം മുസ്ലിംലീഗ് മാറ്റിവെച്ചു. വി.ഡി. സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിലമ്പൂരിന്റെ മണ്ണിലേക്കിറങ്ങി.
മലയോര മേഖലയിലെ വോട്ടുകളില്‍ ഒരു വിഹിതം പിടിക്കാനായതാണ് അന്‍വറിന് തുണയായത്. വന്യജീവി സംഘര്‍ഷത്തില്‍ അന്‍വര്‍ എടുത്ത നിലപാടിനുള്ള വോട്ടുകളാണത്. ശക്തമായ നിലപാടുകള്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ കേരള ജനത ഒരിക്കലും മടിച്ചിട്ടില്ല. വര്‍ഗ്ഗീയതയുമായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല എന്ന സമീപനത്തിലാണ് 1987-ല്‍ സിപിഎമ്മും ഇടതുമുന്നണിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത്. 2006-ല്‍ വി.എസ്. അച്ച്യുതാനന്ദന് അനുകൂലമായ തരംഗത്തിന് പിന്നിലും നിലപാടുകളോടുള്ള ആഭിമുഖ്യം തന്നെയായിരുന്നു. എ.കെ. ആന്റണിയും വി.എം. സുധീരനും നിലപാടുകള്‍ കൊണ്ടാണ് അപ്രസക്തരാവാതെ നിന്നത്.
രാഷ്ട്രീയ കേരളത്തില്‍ വി.ഡി. സതീശന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നുകഴിഞ്ഞു. അടുത്തകൊല്ലത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള തരൂരിന്റെ മനക്കോട്ട ഇതോടെ ഇടിയുകയും ചെയ്തു. ഇനിയിപ്പോള്‍ കെ.സി. വേണുഗോപാല്‍ വിചാരിച്ചാല്‍ പോലും സതീശനെ ഒതുക്കാനാവില്ല..