മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരമായി എസ്ഐടിയുടെ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുകയും അന്വേഷണസംഘത്തിനു മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. സിപിഎം ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ എസ്ഐടിയിൽ കടന്നുകയറി അന്വേഷണ രഹസ്യങ്ങൾ സിപിഎമ്മിന് ചോർത്താനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്, അദ്ദേഹം ആരോപിച്ചു.
ആഗോള അയ്യപ്പസംഗമം നടത്തി തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് 2019 മുതൽ ശബരിമലയിൽ നടത്തിയ കളവിൻ്റെ പരമ്പരകൾ പുറത്തുവന്നു. കട്ടിളയിലെ ശിവരൂപം പോലും അടിച്ചുകൊണ്ട് പോയി. കോടതി പിടിച്ചില്ലായിരുന്നെങ്കിൽ അയ്യപ്പൻ്റെ തങ്കവിഗ്രഹം വരെ ഇവർ അടിച്ചു മാറ്റിയേനെ. മോഷണ പരമ്പരയിൽ ഇവർക്കെല്ലാം പങ്കുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്‌തോ എസ്ഐടിക്ക് മുന്നിൽ ഹാജരായതോ ആരും അറിഞ്ഞില്ലല്ലോ. പോറ്റിക്കൊപ്പം പടം എടുത്തത് കൊണ്ട് അടൂർ പ്രകാശ് പ്രതിയാകുമോ? അങ്ങനെയെങ്കിൽ പിണറായി വിജയനും പ്രതിയാകണമല്ലോ. അദ്ദേഹത്തെ എസ്ഐടി ചോദ്യം ചെയ്യണമല്ലോ. ഉണ്ണികൃഷ്‌ണൻ പോറ്റിയെ കുറിച്ച് കൂടുതൽ അറിയാവുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സഹപ്രവർത്തകരാണ് ഉണ്ണികൃഷ്‌ണൻ പോറ്റിക്കൊപ്പം ചേർന്ന് അയ്യപ്പൻ്റെ സ്വർണം അടിച്ചുമാറ്റിയത്. എന്നിട്ടാണോ അതേ പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിന്നത്. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നതിനെ ഞങ്ങൾ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കിൽ പിണറായി വിജയനെയും ചോദ്യം ചെയ്യണം, സതീശൻ പറഞ്ഞു.














































































