കണ്ണൂർ: ബംഗളൂരുവില്‍നിന്നു മാരക മയക്കുമരുന്നുകള്‍ കൊണ്ടുവന്ന് കേരളത്തിലെ ഏജന്റുമാർക്ക് എത്തിച്ചു നൽകുന്ന ദമ്പതികള്‍ കണ്ണൂരില്‍ പിടിയില്‍.
ബംഗ്ലൂരുവില്‍ താമസിക്കുന്ന തയ്യില്‍ കൊയിലാണ്ടി ഹൗസില്‍ രാഹുല്‍ എന്ന ഷാഹുല്‍ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശിനി കക്കോട്ട് ചാലില്‍ വീട്ടില്‍ നജീമ എന്നിവരെയാണു കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടുന്നത്.
സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാർക്കോട്ടിക്ക് എസിപി പി. രാജേഷിന്റെ നിർദേശാനുസരണം കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് ഇരുവരും വലയിലാകുന്നത്. ഇവരില്‍നിന്നും 70.6 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ലഹരിവില്പന തടയുന്നതിനാണ് പോലീസ് റെയ്ഡ് നടത്തിയത്. തയ്യില്‍ സ്വദേശിക്ക് എത്തിച്ചുനല്‍കാനാണ് എംഡിഎംഎയുമായി ദമ്പതികള്‍ എത്തിയത്. മൂന്നുവർഷം മുമ്പ് എറണാകുളത്ത് ജോലി ആവശ്യാർഥം എത്തിയ രാഹുല്‍ വിവാഹിതയും രണ്ടു മക്കളുമുള്ള നജീമയുമായി അടുപ്പത്തിലാവുകയും പിന്നീട് മക്കളെ ഉപേക്ഷിച്ച് ബംഗളൂരുവിലേക്കു പോകുകയായിരുന്നു.
വിവാഹത്തിനു ശേഷമാണ് രാഹുല്‍, ഷാഹുല്‍ ഹമീദ് എന്ന പേര് സ്വീകരിക്കുന്നത്. ഇതില്‍ ഇരുവർക്കും ഒരു കുഞ്ഞുണ്ട്.
കുട്ടിയുമായി എത്തിയാണ് ദമ്പതികള്‍ മയക്കുമരുന്ന് വില്പന നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവർ മയക്കുമരുന്ന് എത്തിച്ചു നൽകുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.














































































