പാലക്കാട് ജില്ലയിലെ മുതലമടയിൽ ട്വന്റി20 പാർട്ടിയിൽ കൂട്ടരാജി. സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20യുമായുള്ള ബന്ധം മുതലമടയിലെ പ്രവർത്തകർ പൂർണ്ണമായും വിച്ഛേദിച്ചു.
ഇതോടെ മുതലമട പഞ്ചായത്തിൽ രൂപീകരിച്ചിരുന്ന ട്വന്റി20 നെന്മാറ മണ്ഡലം കമ്മിറ്റി പ്രവർത്തനരഹിതമായി. ഇനി പഴയതുപോലെ 'ജനകീയ വികസന മുന്നണി' എന്ന നിലയിൽ പ്രവർത്തനം തുടരുമെന്നാണ് നേതാക്കളുടെ തീരുമാനം.
സാബു എം. ജേക്കബ് പാർട്ടി നേതൃത്വവുമായി കൂടിയാലോചന നടത്താതെയാണ് എൻഡിഎയുടെ ഘടകകക്ഷിയാകാനുള്ള തീരുമാനം കൈക്കொண்டതെന്ന് പാലക്കാട് ജില്ലയിലെ ട്വന്റി20 നേതാക്കൾ ആരോപിച്ചു.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ജനകീയ വികസന മുന്നണി (ജെവിഎം) ട്വന്റി20യിൽ ലയിച്ച് നൂറോളം അംഗങ്ങളുള്ള നെന്മാറ മണ്ഡലം കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. ജെവിഎം ഭാരവാഹികൾ കിഴക്കമ്പലത്ത് എത്തി സാബു എം. ജേക്കബുമായി നടത്തിയ ചർച്ചകൾക്കുശേഷമായിരുന്നു ലയന തീരുമാനം.
തുടർന്ന് ട്വന്റി20 സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപകുമാർ മുതലമടയിൽ എത്തി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. പഞ്ചായത്തിലെ 22 വാർഡുകളിൽ 21 വാർഡുകളിലേക്കും ട്വന്റി20 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും ഒരു വാർഡിൽ രണ്ടാം സ്ഥാനത്തെത്തിയതൊഴിച്ചാൽ പാർട്ടിക്ക് കാര്യമായ തെരഞ്ഞെടുപ്പ് സ്വാധീനം ചെലുത്താനായില്ല.














































































