തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി സഞ്ജു സാംസന്റെ സഹോദരന്‍ സാലി സാംസണ്‍. സഞ്ജു സാംസൺ ടീമിന്റെ വൈസ് ക്യാപ്റ്റനാകും. ടീം ഉടമ സുഭാഷ് ജി. മാനുവലാണ് ഇന്‍സ്റ്റഗ്രാമിലൂടെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചത്. ആദ്യമായാണ് സഞ്ജു സാംസൺ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ സീസണിലും കൊച്ചിയുടെ താരമായിരുന്നു സാലി സാംസണ്‍. കെ.എം. ആസിഫ്, വിനൂപ് മനോഹരന്‍, അഖിന്‍ സത്താര്‍, ജെറിന്‍ പി.എസ്., ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, നിഖില്‍ തോട്ടത്ത് തുടങ്ങിയവരും ടീമിലുണ്ട്.
തിരുവനന്തപുരത്തു നടന്ന താരലേലത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് 26.8 ലക്ഷം രൂപയെന്ന റെക്കോഡ് തുകയ്ക്കാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. ലേലത്തില്‍ താരങ്ങള്‍ക്കായി മുടക്കാന്‍ സാധിക്കുമായിരുന്ന തുകയുടെ പകുതിയിലേറെ കൊടുത്താണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്. എന്നാല്‍ സഞ്ജുവിന്റെ ചേട്ടനായ സാലി സാംസണിനെ വാങ്ങാന്‍ വെറും 75,000 രൂപ മാത്രമാണ് ടീം മുടക്കിയത്. സാംസണ്‍ ബ്രദേഴ്സ് ഒന്നിക്കുമ്പോള്‍ തീ പാറുന്ന പ്രകടനം തന്നെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ടീം മാനേജ്മെന്റും ആരാധകരും.