കണ്ണൂര്‍: കണ്ണൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീവെച്ചു. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലാണ് സംഭവം. ഉരുവച്ചാല്‍ സ്വദേശിനി പ്രവീണയെ പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിതേഷാണ് തീവെച്ചത്. യുവതിക്കും യുവാവിനും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരേയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം നടക്കുമ്പോള്‍ യുവതിയും പിതാവുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വെള്ളം ചോദിച്ചാണ് ജിതേഷ് വീട്ടിനുള്ളില്‍ പ്രവേശിച്ചതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഇതിന് ശേഷം യുവതിയെ തീകൊളുത്തുകയായിരുന്നു. വീടിന്റെ പിന്‍ഭാഗത്ത് വര്‍ക്ക് ഏരിയയില്‍വെച്ചാണ് തീകൊളുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. പ്രവീണ ഇരിക്കുന്ന നിലയിലും ജിതേഷ് കമഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തുകയും ഇരുവരേയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
ഉരുവച്ചാലില്‍ നിന്ന് പെരുവളത്തുപറമ്പിലേക്ക് പതിനേഴ് കിലോമീറ്ററോളം ദൂരമുണ്ട്. ഇവിടെ നിന്ന് ബൈക്കില്‍ എത്തിയാണ് ജിതേഷ് ആക്രമണം നടത്തിയത്. പ്രവീണയും ജിതേഷും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്ന് വിവരമുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.