ന്യൂഡൽഹി' രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന് പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിലെ വിജയം പാർട്ടി പ്രവർത്തകരുടെതാണെന്നും തന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.താൻ മോദി ആണെന്നും മോദി ജി എന്ന് വിളിച്ച് തന്നെ പൊതുജനങ്ങളിൽ നിന്ന് അകറ്റരുതെന്നും അദ്ദഹേം ബിജെപി എംപിമാരോട് അഭ്യർത്ഥിച്ചു. താൻ പാർട്ടിയുടെ സാധാരണ പ്രവർത്തകൻ ആണെന്നും ആദരണീയമായ വിശേഷണങ്ങൾ ചേർക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ ബാലയോഗി ഓഡിറ്റോറിയത്തിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പ് വിജയം ആരുടെയും വ്യക്തിപരമായ വിജയമെന്ന് വിശേഷിപ്പിക്കരുത്. ഇത് കൂട്ടായ വിജയമാണ്. എന്നെ മോദി ജി ആക്കി പൊതുജനങ്ങളിൽനിന്ന് അകറ്റരുത്. ഞാൻ മോദിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പാർട്ടി പ്രവർത്തകരുടെ വിജയമാണ്, അത് മോദിയുടെ വിജയമായി കണക്കാക്കരുത്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.