കേരളത്തില്‍ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുഷ് വകുപ്പ് ഒരു കോടി രൂപ ചെലവില്‍ പുന്നപ്ര തെക്ക് പഞ്ചായത്തില്‍ നിർമ്മിക്കുന്ന ആയുർവേദ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആരോഗ്യ സംവിധാനത്തെ മികവുറ്റതാക്കാനുള്ള വിവിധ പ്രവർത്തനങ്ങള്‍ സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുകയാണ് . 2021ല്‍ സർക്കാർ അധികാരത്തില്‍ വരുമ്പോൾ രണ്ടര ലക്ഷം പേരാണ് സർക്കാർ ആശുപത്രികളില്‍ സൗജന്യ ചികിത്സ നേടിയത്. എന്നാല്‍ 2024ല്‍ ഇത് ആറര ലക്ഷത്തിലേക്ക് ഉയർന്നു. സർക്കാർ ആശുപത്രികളുടെ സേവനം ധാരാളം പേർ പ്രയോജനപ്പെടുത്തുന്നു എന്നതിന് തെളിവാണിതെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളെ തകർക്കാനുള്ള ആസൂത്രിത കുപ്രചരണങ്ങളെ കേരളം ഒറ്റകെട്ടായി നിന്ന് നേരിടും എന്നും മന്ത്രി പറഞ്ഞു. ശ്രീവേദവ്യാസ ആയുർവ്വേദ ആശുപത്രിക്ക് സമീപം പഞ്ചായത്ത് വില കൊടുത്തുവാങ്ങിയ ഏഴ് സെൻ്റ് സ്ഥലത്താണ് ഒന്നാം ഘട്ടത്തില്‍ ഒ പി ബ്ലോക്ക് പൂർത്തിയാക്കുക. മൂന്നു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ആദ്യ ഘട്ടത്തിൻ്റെ നിർമ്മാണത്തിനാണ് തുടക്കം കുറിച്ചത്.
ശിശു സൗഹൃദ അമ്പലപ്പുഴ പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിർവ്വഹിച്ചു. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി ശിശു സൗഹൃദ ആലപ്പുഴ എന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു. കഴിഞ്ഞ നാലു വർഷത്തിനുള്ളില്‍ 30 അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണമാണ് പൂർത്തിയാക്കുന്നത്. എംഎല്‍എ ഫണ്ട്, പ്ലാൻ ഫണ്ട്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിർമ്മാണമെന്നും മന്ത്രി അറിയിച്ചു.