കളത്തൂർ: ഏറ്റുമാനൂരില്‍ യുവാവ് ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ചെടുത്തതിനെ തുടർന്ന് കടത്തിലായ ലോട്ടറി വിൽപ്പനക്കാരിയായ രാജിക്ക് കൈത്താങ്ങ്. സ്വന്തമായി വീടുപോലുമില്ലാത്ത 48കാരിയെ ഇക്കഴിഞ്ഞ ദിവസമാണ് യുവാവ് കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്.
രാജിയുടെ പ്രയാസം അറിഞ്ഞ് കുമാരനല്ലൂർ സ്വദേശിയായ പോൾ മാത്യു ഇവർക്ക് 10,000 രൂപയുടെ സാമ്പത്തികസഹായം നൽകി. കഴിഞ്ഞ 14 വർഷമായി ലോട്ടറി വിൽപ്പന നടത്തുന്ന രാജി 10 വർഷമായി ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളിലുമാണ് ലോട്ടറിക്കച്ചവടം നടത്തുന്നത്.
ഏറ്റുമാനൂർ ടൗണിൽ നടന്ന് ലോട്ടറി വിൽപന നടത്തുന്ന രാജിയെ ലോട്ടറി നോക്കാനെന്ന വ്യാജേന യുവാവ് സമീപിക്കുകയായിരുന്നു. ലോട്ടറി ടിക്കറ്റുകൾ നോക്കട്ടേ എന്നു പറഞ്ഞതോടെ രാജി കയ്യിലുണ്ടായിരുന്ന ടിക്കറ്റുകൾ യുവാവിന് നൽകി. ലോട്ടറി തിരഞ്ഞെടുക്കുന്നുവെന്ന ഭാവത്തിൽ നിലയുറപ്പിച്ച യുവാവ് തിരികെ നൽകിയത് ഒരുകെട്ട് പഴയ ടിക്കറ്റായിരുന്നു. ഇതിന് ശേഷം യുവാവ് മുന്നോട്ട് നടന്നു പോയെങ്കിലും സംശയം തോന്നി രാജി ടിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് ചതി മനസിലായത്. യുവാവിന്റെ പുറകെ രാജി ഓടിയെങ്കിലും ഇയാളെ പിന്നീട് കണ്ടെത്താനായില്ല.
120 ടിക്കറ്റാണ് മോഷ്ടാവ് തട്ടിയെടുത്തത്. നറുക്കെടുപ്പ് ഫലം വന്നപ്പോൾ നഷ്ടപ്പെട്ട 12 ടിക്കറ്റുകൾക്ക് 500 രൂപ വീതം സമ്മാനവും ലഭിച്ചതായി രാജി പറയുന്നു. തിരികെ വീട്ടിലെത്തിയ രാജി മകളുടെ കമ്മൽ പണയംവെച്ചാണ് ലോട്ടറി ഏജൻസിയിൽ പണം നൽകിയത്. സംഭവത്തിനു പിന്നാലെ ഏറ്റുമാനൂർ സ്റ്റേഷനിൽ രാജി പരാതി നൽകി. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന രാജി ഇതോടെ കൂടുതൽ കടത്തിലായി. പ്രതിദിനം ലോട്ടറിടിക്കറ്റ് വിറ്റാണ് ഇവര്‍ കുടുംബം പുലർത്തുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ള ഭർത്താവ് രാജുവും ലോട്ടറിക്കച്ചവടക്കാരനാണ്.