തിരു.: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് ശരിയായ നടപടിയല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും ചെന്നിത്തല ആരോപിച്ചു.
'തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍ക്കാരിന്റെ വികസന പരിപാടികളില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ എന്നെ ക്ഷണിക്കുകയും ഞാന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതാണ് കീഴ്വഴക്കം മുന്‍കാലങ്ങളിലും പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുന്ന കേരള സര്‍ക്കാരിന്റെ വികസന പരിപാടികളില്‍ പ്രതിപക്ഷ നേതാക്കളെപങ്കെടുപ്പിക്കാറുണ്ടായിരുന്നു', ചെന്നിത്തല പറഞ്ഞു.
വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫിനും വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിടുന്നതിനുമായായിരുന്നു പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് എത്തിയത്. രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി കേരളത്തിന്റെ ആദ്യ വന്ദേഭാരതിന് ഫ്ലാഗ് ഓഫ് ചെയ്തത്. രാജ്യത്തിന്റെ ആദ്യ ജലമെട്രോയും മോദി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.