വിജയപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിജയപുരം പഞ്ചായത്തിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റിക്കുള്ളിൽ ഭിന്നത പൊട്ടിത്തെറി. പഞ്ചായത്ത് കമ്മിറ്റി ചെയർമാനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സോമൻകുട്ടി ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചു.
സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന ഓൺലൈൻ യോഗത്തിന് ശേഷമാണ് പ്രശ്നങ്ങൾ പൊതു രംഗത്തേക്ക് വന്നത്. നിലവിലെ പഞ്ചായത്ത് പ്രസിഡണ്ട് എല്ലാ കാര്യങ്ങളും ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നാരോപിച്ച് മുൻ പ്രസിഡണ്ട് രംഗത്ത് എത്തിയത്. ഇലക്ഷൻ കമ്മിറ്റി രൂപീകരണത്തിന് പിന്നാലെ മണ്ഡലം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും അധികാരങ്ങൾ കുറയുമെന്ന ആശങ്കയാണ് തർക്കങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
ഇലക്ഷൻ കമ്മിറ്റിയെ മറികടന്ന് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി രഹസ്യമായി എംആർഎഫ് ഐ.എൻ.ടി.യു.സി ഹാളിൽ യോഗം ചേർന്നതായും മുൻ പ്രസിഡണ്ട് ആരോപിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടിക്ക് ആവശ്യമായ ഫണ്ടുകൾ സമാഹരിക്കുകയും പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയോ മണ്ഡലം നേതൃത്വത്തിന്റെയോ പങ്കാളിത്തം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.













































































