കോട്ടയത്ത് സ്ട്രോങ് റൂമിൻ്റെ വാതിൽ പൂട്ടി താക്കോൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം.
ചർച്ചയെ തുടർന്ന് കോട്ടയത്ത് കലക്‌ടറുടെ നിർദേശപ്രകാരം ചട്ടപ്പടി പ്രകാരം സ്ട്രോംഗ് റൂം വാതിൽ പൂട്ടാൻ ചെന്ന ഉദ്യോഗസ്‌ഥർക്കുനേരെസുരക്ഷാച്ചുമതലയുള്ള സൈനികർ തോക്കുചൂണ്ടി
വൈക്കം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളജിൽ ഇന്നലെ ഉച്ചയോടെയായിരുന്നു നാടകീയരംഗങ്ങൾ.
സ്ട്രോങ് റൂമുകൾ പൂട്ടിയശേഷം കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹയുടെ നിർദേശപ്രകാരം താക്കോൽ താഴിനൊപ്പം ചേർത്ത് അവിടെത്തന്നെ സീൽ ചെയ്‌തുവച്ചതാണു വിവാദമായത്.
കോൺഗ്രസ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് പരാതി നൽകിയതിനുപിന്നാലെ വൈകിട്ടോടെ മുറികൾ ചട്ടപ്രകാരംതന്നെ പൂട്ടി.
ഏറ്റുമാനൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ കോട്ടയം എംഡി സെമിനാരി സ്കൂളിലും വൈക്കം മണ്ഡലത്തിലെ ബസേലിയസ് കോളജിലുമാണു സൂക്ഷിക്കുന്നത്.
പതിവ് രീതി അനുസരിച്ച് സ്ട്രോങ് റൂമിൻ്റെ വാതിലിനു രണ്ടു പൂട്ടുകളാണുള്ളത്. ഇവ പുട്ടി മുദ്രവച്ചശേഷം ഒരു പൂട്ടിന്റെ താക്കോലുകൾ റിട്ടേണിങ് ഓഫിസറും രണ്ടാമത്തെ പുട്ടിൻ്റെ താക്കോലുകൾ അസി. റിട്ടേണിംഗ് ഓഫീസറും സൂക്ഷിക്കുകയാണ് പതിവ് രീതി.
വോട്ടെണ്ണൽ ദിവസം രാവിലെ എത്തി വാതിലിനു കുറുകെ തറച്ചു വച്ചിരിക്കുന്ന പട്ടികകൾ ഇളക്കി മാറ്റി റിട്ടേണിങ് ഓഫിസറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും കൂടി ഒരുമിച്ച് പൂട്ടുകൾ തുറന്നാലേ സ്ട്രോങ് റൂം വാതിൽ തുറക്കാനാകൂ.
എന്നാൽ ബംഗാളിലും അസമിലുമൊന്നും ഇങ്ങനെയല്ലെന്നായിരുന്നു കേന്ദ്ര നിരീക്ഷകന്റെ നിലപാട്. ഇരുപൂട്ടുകളുടെയും ഓരോ താക്കോൽ വീതം താഴുകൾക്കൊപ്പം സീൽ ചെയ്‌തു വയ്ക്കണമെന്നും ബാക്കിയുള്ളത് റിട്ടേണിങ് ഓഫിസർമാർ സൂക്ഷിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ റിട്ടേണിംഗ് ഓഫീസറും, പോലീസ് ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിച്ചതോടെ ആണ് കളക്ടർ സ്ഥലത്ത് എത്തിയത്. ചർച്ചക്ക് ശേഷം ഈ 2 മണ്ഡലത്തിലേയും സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടാൻ നിർദേശിച്ചു. ഇതിനു ശ്രമിച്ചപ്പോഴാണു ബസേലിയസ് കോളജിൽ കാവൽ നിന്നിരുന്ന സിഐഎസ്എഫ് സൈനികർ ഉദ്യോഗസ്ഥർക്കുനേരെ തോക്ക് ചൂണ്ടിയത്. തിരഞ്ഞെടുപ്പ് നിരീക്ഷകൻ ഒപ്പമില്ലാഞ്ഞതാണ് സൈനികന് ആശയകുഴപ്പത്തിന് കാരണമാക്കിയത്.
പിന്നീടു കേന്ദ്ര നിരീക്ഷകനും കലക്‌ടറും ചേർന്നു തർക്കം പരിഹരിക്കുകയും സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടി താക്കോലുകൾ റിട്ടേണിങ് ഓഫിസർക്കും അസിസ്‌റ്റൻ്റ് റിട്ടേണിങ് ഓഫിസർക്കുമായി കൈമാറുകയും ചെയ്തു. വാതിലുകൾ വലിയ പ്ലൈവുഡ് ഷീറ്റ് വച്ചു മറച്ച് അതിനു മുകളിൽ പട്ടിക തറച്ചു സുരക്ഷിതമാക്കുകയും ചെയ്തു.













































































