പാലാ: രൂപതയുമായി ബന്ധപ്പെട്ട വിവിധ സമ്മേളനങ്ങളിൽ ബിജെപി നേതാക്കളായ പി.സി. ജോർജും ഷോൺ ജോർജും പങ്കെടുത്തതിനെതിരെ വിശ്വാസികളിൽ അതൃപ്തി ഉയരുന്നതായി സേവ് ചർച്ച് ഫോറം അറിയിച്ചു. ക്രൈസ്തവ സമൂഹത്തിന്റെ യാതൊരു ആവശ്യങ്ങൾക്കും പ്രതികരിക്കാത്ത നേതാക്കൾ ഇപ്പോൾ ബിജെപിയിൽ സ്ഥാനമുറപ്പിക്കാൻ സഭയെയും വിശ്വാസികളെയും ഉപയോഗപ്പെടുത്തുകയാണെന്ന് ഫോറം ആരോപിച്ചു.
സഭയ്ക്ക് വേണ്ടി ഇവർ നടത്തിയ ഇടപെടലുകൾ എന്താണെന്ന് സഭാ നേതൃത്വം വ്യക്തമാക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. തിടനാട് പള്ളിയിലെ വൈദികനെതിരെ പി.സി. ജോർജ് നടത്തിയതായി ആരോപിക്കുന്ന പ്രസ്താവനകളും സംഘടന വിമർശിച്ചു.
മുനമ്പം വിഷയത്തിൽ സമരം നടത്തുന്ന ക്രൈസ്തവർക്കായി യാതൊരു പ്രായോഗിക പരിഹാരവും ഇവർ ഒരുക്കിയിട്ടില്ലെന്നും, കേന്ദ്രമന്ത്രി കിരൺ റിജ്ജുവിന്റെ സന്ദർശനം ഉൾപ്പെടെ കാഴ്ചവെപ്പുകൾക്കായി മാത്രം ശ്രമിച്ചതാണെന്നും ഫോറം ആരോപിച്ചു.
പാലായിൽ നടന്ന തിരഞ്ഞെടുപ്പ് ചർച്ചകളിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസുകളുടെ എണ്ണം പെരുപ്പിച്ച് അവതരിപ്പിച്ചതായും ബിജെപി പ്രതിനിധികൾക്കെതിരെ വിമർശനം ഉയർന്നു. ഇത്തരം വിഷയങ്ങളിൽ സഭാ നേതാക്കൾക്ക് സംരക്ഷണം നൽകാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും ഫോറം ചൂണ്ടിക്കാട്ടി.
ഉത്തരേന്ത്യയിൽ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാർ നേരിടുന്ന വെല്ലുവിളികളിലും, ഓശാന, പെസഹ, ഈസ്റ്റർ ദിവസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഈ നേതാക്കൾ പ്രതികരിച്ചിട്ടില്ലെന്നും ആരോപിച്ചു.
സഭയെയും വിശ്വാസികളെയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും, സഭാ നേതൃത്വം ജാഗ്രത പാലിക്കണമെന്നും സേവ് ചർച്ച് ഫോറം വക്താവ് ബോബി ജോസഫ് ആവശ്യപ്പെട്ടു.













































































