ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമായിരുന്നു ഹർഭജന്‍ സിങ്- ശ്രീശാന്ത് പോര്. ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചുവെന്ന വാദമുണ്ടായിരുന്നുവെങ്കിലും തെളിയിക്കാനായിരുന്നില്ല. എന്നാലിതാ ഓസ്ട്രേലിയൻ മുൻ താരം മൈക്കൽ ക്ലാർക്കിനു നൽകിയ അഭിമുഖത്തിൽ ലളിത് മോദി വർഷങ്ങളായി സൂക്ഷിച്ചുവച്ചിരുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഹർഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുള്ള പ്രശ്നത്തിന്റെ ദൃശ്യങ്ങൾ 'ഇതുവരെ ആരും കാണാത്തത്' എന്ന് അവകാശപ്പെട്ടാണ് ലളിത് മോദി പരസ്യമാക്കിയത്.
2008ലെ മത്സരത്തിനിടെ ബ്രോഡ്കാസ്റ്റ് ചെയ്യാത്ത ദൃശ്യങ്ങളാണിത്. 'മത്സരം കഴിഞ്ഞ് ക്യാമറകൾ ഓഫ് ചെയ്തിരുന്നു. എന്നാൽ എന്റെ സുരക്ഷാ ക്യാമറകളിൽ ഒന്ന് ഓണായിരുന്നു. അതാണ് ശ്രീശാന്തും ബാജിയും (ഹർഭജൻ സിങ്) തമ്മിലുള്ള പ്രശ്നങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത്. ഹർഭജൻ കയ്യുടെ പിൻഭാഗം കൊണ്ട് ശ്രീശാന്തിനെ അടിക്കുകയാണ്.''– ലളിത് മോദി അഭിമുഖത്തിൽ വ്യക്തമാക്കി.
പുറത്തുവിട്ട ദൃശ്യങ്ങളിൽ താരങ്ങൾ ഷെയ്ക് ഹാൻഡ് നൽകുന്നതിനിടെ കയ്യുടെ പിൻഭാഗം കൊണ്ട് ഹർഭജൻ ശ്രീശാന്തിനെ അടിക്കുന്നതു വ്യക്തമായി കാണാം. സംഭവത്തിന്റെ ഞെട്ടലിൽ കുറച്ചുനേരം തരിച്ചിരുന്ന ശ്രീശാന്ത്, ദേഷ്യത്തോടെ ഹർഭജൻ സിങ്ങിനു നേരെ പോകുന്നുണ്ട്. തുടർന്ന് പഞ്ചാബ് കിങ്സ് താരങ്ങളും മുംബൈ ഇന്ത്യൻസ് താരങ്ങളും ഇടപെട്ട് രണ്ടു കളിക്കാരെയും പിടിച്ചുമാറ്റുന്നുണ്ട്.
ജീവിതത്തിലെ ഏതെങ്കിലും ഒരു കാര്യം തിരുത്താൻ സാധിക്കുമെങ്കിൽ, ശ്രീശാന്തുമായുണ്ടായ പ്രശ്നങ്ങൾ മായ്ച്ചുകളയുമായിരുന്നെന്ന് ഹർഭജൻ സിങ് അടുത്തിടെ പ്രതികരിച്ചിരുന്നു. 'ഒരിക്കൽ ശ്രീശാന്തിന്റെ മകളോട് സംസാരിച്ചപ്പോൾ നിങ്ങൾ എന്റെ അച്ഛനെ തല്ലിയ ആളല്ലെ എന്നാണ് അവൾ ചോദിച്ചത്. എന്നോടു സംസാരിക്കില്ലെന്നും ശ്രീശാന്തിന്റെ മകൾ പറഞ്ഞു. ആ സംഭവത്തിനു ശേഷം ഞാൻ കരഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം വർഷങ്ങൾക്കു ശേഷം പിണക്കം മറന്ന ശ്രീശാന്തും ഹർഭജൻ സിങ്ങും ഇന്ന് അടുത്ത സുഹൃത്തുക്കളാണ്.














































































