കോട്ടയം: മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർപുനർസംയോജന പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിട്ടുള്ള തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽ ഈ വർഷത്തെ ആമ്പൽ ഫെസ്റ്റിന് ഇന്ന് തിരിതെളിയും. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഐപിഎസ് രാവിലെ 8മണിക്ക് ഉൽഘാടനം നിർവഹിക്കും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ ഫെസ്റ്റ് ആരംഭിക്കും മുൻപ് തന്നെ സന്ദർശനത്തിനു എത്തിയ ആളുകൾ ആമ്പൽ പൂക്കൾ പറിച്ചു നശിപ്പിക്കുന്ന സ്ഥിതി ഉണ്ടായി. ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഇത്തവണയുണ്ടാകും. വഴിയരികിൽ നിന്ന് കാണാവുന്ന സ്ഥലത്തെ പൂക്കൾ ആണ് ആളുകൾ പറിച്ചെടുക്കുന്നത്. അത് ആമ്പൽ ഫെസ്റ്റിന്റെ ഭംഗി തന്നെ നശിപ്പിക്കുന്നതായി പരാതിയുണ്ട്.
വേമ്പനാട്ടു കായലോരത്തെ ഒരു ചെറിയ ഗ്രാമായ മലരിക്കലിന്
ആർത്തലച്ചു വരുന്ന ഒരു ജനക്കൂട്ടത്തിനെ ഉൾക്കൊള്ളാനാവില്ല. അതിനാൽ സന്ദർശകർ സ്വയം നിയന്ത്രിക്കണമെന്ന് നാട്ടുകാർ പറയുന്നു.
ആമ്പൽ പൂക്കൾ നില്ക്കുന്ന പാടം സ്വകാര്യ സ്ഥലമാണ്, അവിടെ കണ്ടത്തിൽ ഇറങ്ങാൻ പാടില്ല. ' പൂക്കൾ കെട്ടുകെട്ടായി ആ ഗ്രാമത്തിലെ സ്ത്രീകൾ വില്ക്കുന്നുണ്ട്. അത് ദൂരെ സ്ഥലങ്ങളിൽ നിന്നു പറിച്ച് കൊണ്ടുവരുന്നതാണ്. അതിന് വില കൊടുത്തു വാങ്ങണം. വാഹനങ്ങളിൽ വരുന്നവർ ടാർ റോഡിൽ പാർക്കു ചെയ്യാതെ വീടുകളിലും പുരയിടങ്ങളിലും പാർക്കിംഗ് ഫീസ് നൽകി പാർക്ക് ചെയ്യുക. റോഡ് ബ്ലോക്കാകുന്നത്, തദ്ദേശീയർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വള്ളങ്ങളിൽ സന്ദർശകർക്ക് യാത്ര ചെയ്ത് ആമ്പലുകൾക്കിടയിലൂടെ പോകാം. കാഴ്ചകൾ കാണാം. സെപ്റ്റംബർ 10 വരെ കാഴ്ചകൾ ഉണ്ടാകും. ശേഷം കൃഷിക്കായി വെള്ളം വറ്റിക്കും. കഴിവതും തിരക്കു കൂടിയ ഞായറാഴ്ചയും അവധി ദിവസങ്ങളും ഒഴിവക്കുക. എല്ലാ ദിവസവും രാവിലെ 6 മുതൽ 9 വരെയാണ് ഏറ്റവും നല്ല സമയം. അതു കഴിഞ്ഞാൽ ആമ്പൽ വാടിത്തുടക്കും. ബാത്തു റൂം സൗകര്യങ്ങൾ ചില വീടുകളിലും ഒരു ഹോട്ടലിലുമുണ്ട്. അത് പണം നൽകി ഉപയോഗിക്കാം. സീസൺ തുടങ്ങിയതേയുള്ളു.
തിരക്കു കൂട്ടേണ്ടതില്ല. ഈ വർഷം കാഞ്ഞിരം വെട്ടിക്കാട്ട് റൂട്ടിലൂടെ കനാല് ടൂറിസത്തിനു പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചെറിയ വള്ളങ്ങളിലും യന്ത്രവള്ളങ്ങളിലും വൈകുന്നേരം വിനോദയാത്ര സൗകര്യം ഒരിക്കും.
സംസ്ഥാന ടൂറിസം വകുപ്പിൻ്റേയും ജില്ലാ ഭരണകൂടത്തിൻ്റെയുംസഹകരണത്തോടെ, ജനകീയ കൂട്ടായ്മക്കൊപ്പം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, ജെ ബ്ലോക്ക്, തിരുവായികരി പാടശേഖര സമിതികൾ, കാഞ്ഞിരം സർവീസ് ബാങ്ക്, മലരിക്കൽ ടൂറിസം സമിതി എന്നിവർ ചേർന്നാണ് ടൂറിസം മേള സംഘടിപ്പിക്കുന്നത്.













































































