കോട്ടയം: സംസ്ഥാന സർക്കാർ കടുത്തുരുത്തി പൊലീസ് സ്റ്റേഷന് വേണ്ടി പുതിയതായി നിർമിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർമ്മാണ ഉദ്ഘാടനവും ശനിയാഴ്ച ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. സഹകരണ - തുറമുഖ- വ്യവസായ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.
3.60 കോടി രൂപ വിനിയോഗിച്ചാണ് കടുത്തുരുത്തി പോലീസ് സ്റ്റേഷന് പുതിയ മന്ദിരം നിർമിക്കുന്നത്. പോലീസ് സ്റ്റേഷന്റെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമായി നിർവഹിക്കുന്നതിനായി മൂന്നു നിലയുള്ള കെട്ടിട സമുച്ചയമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടുത്തുരുത്തി തളിയിൽ ക്ഷേത്രത്തിന് സമീപം പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ കൈവശമുള്ള സ്ഥലത്താണ് സ്റ്റേഷൻ നിർമിക്കുന്നത്.














































































