ന്യൂഡൽഹി: ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ പി. രാമവര്‍മ്മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.2020 ഫെബ്രുവരിയില്‍ കോടതി പരിഗണിച്ച കേസ് രണ്ട് വര്‍ഷത്തിനു ശേഷമാണ് വീണ്ടും പരിഗണനക്കെത്തുന്നത്. തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് കേസ് വീണ്ടും കോടതി പരിഗണിക്കുന്നത്.

അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് സീല്‍ വച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്‌റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ 2020 ഫെബ്രുവരിയില്‍ സുപ്രിം കോടതി നിയോഗിച്ചിരുന്നു.തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോ എന്ന വിഷയം പരിശോധിക്കണമെന്നും കോടതി അന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റിസ് കൃഷ്‌ണ മുരാരി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.