ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായി എത്തിയ കൂലി റിലീസായിരിക്കുകയാണ്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നതെങ്കിലും ഏവരും ഒരുപോലെ പുകഴ്ത്തുന്ന താരം മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറാണ്.
ചിത്രത്തില്‍ അടിമുടി മികച്ചുനില്‍ക്കുന്നത് സൗബിനാണെന്നാണ് പ്രേക്ഷകപ്രതികരണം. മോണിക്ക പാട്ടിലെ ഡാന്‍സിലൂടെ നേരത്തെ തന്നെ തമിഴ്‌നാട്ടില്‍ ആരാധകരെ നേടിയെടുത്തിരുന്ന സൗബിന് കൂലി റിലീസോടെ വന്‍ പ്രേക്ഷകപ്രീതി ഇരട്ടിച്ചിരിക്കുകയാണ്.
ജയിലറില്‍ രജനിയുടെ നേര്‍ക്കുനേര്‍ നിന്ന് വിറപ്പിച്ച വിനായകനെ പോലെ സൗബിനും സൂപ്പര്‍സ്റ്റാറിന് മുന്നില്‍ വമ്പന്‍ പ്രകടനം കാഴ്ചവെച്ചുവെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. ഡാന്‍സിലും അഭിനയത്തിലും വന്‍ എനര്‍ജിയാണ് സൗബിന്‍ കാഴ്ചവെക്കുന്നതെന്നും സീനുകളെ എലവേറ്റ് ചെയ്യുന്നതില്‍ പോലും നടന്റെ സ്‌ക്രീന്‍ പ്രസന്‍സ് വലിയ പങ്കുവഹിക്കുന്നെന്നും ഒരുപാട് പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.
മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ വലിയ വിജയമായ സമയത്ത് തന്നെ കുട്ടേട്ടനായി എത്തിയ സൗബിന്റെ പ്രകടനം തമിഴ് സിനിമയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. കൂലിയിലെ ദയാല്‍ എന്ന റോളിന് സൗബിന്‍ ചേരുമോ എന്ന് രജനികാന്തിന് സംശയമുണ്ടായ സമയത്തും മഞ്ഞുമ്മല്‍ ബോയ്‌സിലെ പ്രകടനമായിരുന്നു ലോകേഷ് ചൂണ്ടിക്കാണിച്ചിരുന്നത്.
കൂലിയുടെ ട്രെയിലര്‍ ലോഞ്ചില്‍ രജനികാന്തും ലോകേഷും നാഗാര്‍ജുനയും തുടങ്ങി എല്ലാവരും പ്രത്യേകം എടുത്തുപറഞ്ഞ് പ്രശംസിച്ചത് സൗബിനെയായിരുന്നു. കൂലി റിലീസിന് ശേഷം സൗബിനെ കുറിച്ച് ഏവരും പുകഴ്ത്തി പറയുമെന്ന് അന്ന് ഇവരെല്ലാം പറഞ്ഞത് ഇപ്പോള്‍ സത്യമായിരിക്കുകയാണ്.
അതേസമയം, മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് കൂലി. രജനികാന്തിനൊപ്പം വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. സൗബിന്‍, ഉപേന്ദ്ര, നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലി നിര്‍മിച്ചിരിക്കുന്നത്. രജനികാന്ത് സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വര്‍ഷം റിലീസ് ചെയ്ത ചിത്രമെന്ന പ്രത്യേകതയും കൂലിയ്ക്കുണ്ട്.