തൃശ്ശൂര്‍: വാണിയമ്പാറയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പുതിയ വീട്ടില്‍ സീനത്തി(50)നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ജോലിക്ക് പോകുമ്പോൾ വഴിയില്‍ കിടക്കുന്ന നിലയിലാണ് പന്നിയെ കണ്ടത്. തൊട്ടടുത്ത് എത്തിയതിനുശേഷമാണ് പന്നിയെ തിരിച്ചറിഞ്ഞത്. നിമിഷം നേരംകൊണ്ട് പന്നി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സീനത്തിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രദേശത്ത് വര്‍ഷങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്. കൃഷിനാശവും പതിവ്. മേഖലയില്‍ സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പരിപാലനം നടത്താത്തതിനാല്‍ തകര്‍ന്ന നിലയിലാണ്.
വിദ്യാര്‍ഥികളായ രണ്ടു മക്കളുടെ പഠന ചെലവ് ഉള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും നോക്കിനടത്തുന്നത് സീനത്തിന് ലഭിക്കുന്ന വരുമാനംകൊണ്ടാണ്. മൂത്തമകളുടെ വിവാഹം കഴിയുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ചികിത്സയും മക്കളുടെ പഠനവും എങ്ങനെ കൊണ്ടുപോകുമെന്ന ആശങ്കയിലാണ് സീനത്ത്. പണഞ്ചേരി പഞ്ചായത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന മൂന്നാമത്തെ ആളാണ് സീനത്ത്.