നിയമസഭയില്‍ യുവാക്കളിലെ അക്രമവാസനയെ കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹിക ബന്ധങ്ങളുടെ ഊഷ്മളത അന്യം നിന്നു പോവുന്നു. ക്യാമ്ബസുകളിലെ അരാഷ്ട്രീയത ഒരു പ്രശ്‌നം തന്നെയാണ്. അതു ഗൗരവമായി പരിശോധിക്കണം. വിദ്യാര്‍ഥികള്‍ പഠിക്കുന്നത് സര്‍ക്കാര്‍, എയിഡഡ് സ്ഥാപനങ്ങളില്‍ മാത്രമല്ല. മറ്റു ചില സ്ഥാപനങ്ങളിലും അവര്‍ പഠിക്കുന്നു. അവിടങ്ങളില്‍ അരാഷ്ട്രീയത നടപ്പാക്കുന്നു. അതുവഴി വിദ്യാര്‍ഥികള്‍ക്കു ലഭിക്കേണ്ട സാമൂഹിക ബോധവും സംസ്‌കാരവും ഇല്ലാതെ പോകുന്നു.
ഗ്യാങ്ങ് സംഘര്‍ഷങ്ങള്‍ ഏറെയും ഉണ്ടാകുന്നത് അരാഷ്ട്രീയ ക്യാമ്ബസ്സുകളിലാണ്. കുഞ്ഞുങ്ങള്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു വളരണം. രാഷ്ട്രീയമുള്ള ക്യാമ്ബസ്സുകളില്‍ സംഘര്‍ഷങ്ങളുണ്ടാവും എന്നാല്‍ അരാജക പ്രവണതകള്‍ ഉണ്ടാവുകയില്ല. ലഹരിക്കും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സഭ ഒരേ വികാരമാണ് പ്രകടിപ്പിച്ചത്.
ഈ സാമൂഹിക തിന്മയെ ഒരുമിച്ച് എതിര്‍ത്ത് തോല്‍പ്പിക്കുകയാണ് വേണ്ടത്. എല്ലാവരേയും ചേര്‍ത്തുകൊണ്ടുള്ള ആലോചനാ യോഗം സര്‍ക്കാര്‍ വിളിക്കും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ച ലഹരിയില്‍ മാത്രം ഒതുക്കേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലഹരിവ്യാപനം തടയാന്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു ലഹരി വിരുദ്ധ കണ്‍ ട്രോള്‍റൂം എഡിജിപി ക്രമസാധനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 87,702 കേസുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തു.
ലഹരിയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ ശ്രമം നടത്തി. മയക്കു മരുന്ന് കേസിലെ ശിക്ഷ നിരക്ക് കേരളത്തില്‍ കൂടുതലാണ്. കേരളത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു. 2024 - 24,517 പേരെയാണ് അറസ്റ്റ് ചെയ്തത്. വിമുക്തി ഫലപ്രദമായി നടക്കുന്നുണ്ട്. 100 കോടിയില്‍ താഴെയാണ് പിടിച്ചെടുത്ത ലഹരിയുടെ മൂല്യം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് തോക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വരുന്നത് മദ്യ വ്യാപനമായി കാണരുത്. അത് നാടിന്റെ പ്രത്യേകതയാണ്. ഇനിയും വരാന്‍ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷഹബാസിന്റെ കുടുംബത്തിന്റെ വികാരത്തോടൊപ്പമാണ് സര്‍ക്കാര്‍. ആരാണ് പ്രതി എന്ന് നമ്മള്‍ പറയണ്ട. പോലീസ് കാര്യക്ഷമമായി അന്വേഷിക്കും. സമീപ കാല സംഭവങ്ങള്‍ അതീവ ഗൗരവതരമാണ്. ഒരു ചര്‍ച്ച കൊണ്ട് പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയില്ല. അതീവ ഗൗരവമുള്ള വിഷയമാണ്. ഒരു ഭാഗം നിയമ നടപടിയാണ്. അത് കര്‍ശനമായി എടുക്കും. ക്രമസമാധാന പ്രശ്‌നം മാത്രം അല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.