ഡൽഹി: ഡൽഹിയില്‍ വീട്ടുജോലിക്കാരന്‍ സ്ത്രീയേയും മകനേയും കൊലപ്പെടുത്തി. ലജ്പത് നഗറില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രുചികാ സെവാനി (42), ഇവരുടെ മകന്‍ കൃഷ് സെവാനി (14) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ വീട്ടുജോലിക്കാരനും ഡ്രൈവറുമായ മുകേഷ് (24) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 9:43 ഓടെയാണ് സംഭവം പുറത്തറിയുന്നത്.
രുചികയുടെ ഭര്‍ത്താവ് കുല്‍ദീപ് (44) ഭാര്യയെയും മകനെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് വാതില്‍ അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീട്ടിലെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുകേഷിനെ രുചികയും മകന്‍ കൃഷും ശകാരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് വിവരം. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. രുചികയുടെ മൃതദേഹം കിടപ്പുമുറിയിലും കൃഷിന്റെ മൃതദേഹം കുളിമുറിയിലും കണ്ടെത്തുകയായിരുന്നു.
രുചികയും ഭര്‍ത്താവും ചേര്‍ന്ന് ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ നടത്തിയിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതിയായ മുകേഷ്. പ്രാഥമിക അന്വേഷണത്തില്‍ രുചിക തന്നെ വഴക്ക് പറഞ്ഞതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മുകേഷ് പോലീസിനോട് സമ്മതിച്ചതായി ദക്ഷിണ കിഴക്കന്‍ ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) ഹേമന്ത് തിവാരി അറിയിച്ചു.