കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി കസ്റ്റംസിൻ്റെ പിടിയിൽ. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. യുവതി സ്വർണം കടത്തിയത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ്. ദുബായിൽ നിന്നാണ് അസ്മ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് വിഭാഗത്തിന് യുവതി സ്വർണം കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ആദ്യഘട്ടത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കസ്റ്റംസിനോട് സ്വർണ്ണം കടത്തിയ വിവരം ഇവർ സമ്മതിച്ചിരുന്നില്ല. ലഗേജ് ഉൾപ്പെടെ വിശദമായി പരിശോധിച്ചെങ്കിലും സ്വർണ്ണം കണ്ടെത്താൻ കസ്റ്റംസിന് സാധിച്ചില്ല. ശേഷം വിശദമായി നടത്തിയ ദേഹപരിശോധനിലാണ് അടിവസ്ത്രത്തിനുള്ളിൽ സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഏകദേശം ഒരു കോടിക്ക് മുകളിൽ രൂപ വിലവരും.
