ആർആർആറിലെ "നാട്ടു നാട്ടു" ഗാനത്തിന് ഓസ്കാർ പുരസ്കാരം. സംഗീത സംവിധായകൻ എം.എം.കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്കാരം ഏറ്റുവാങ്ങി. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ക്രിട്ടിക്സ് ചോയ്സ് അവാർഡിനും പിന്നാലെയാണ് ഓസ്കർ നേട്ടവും. ലേഡി ഗാഗ, റിഹാന എന്നിവർക്കൊപ്പമാണ് നാട്ടു നാട്ടു മത്സരിച്ചത്. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ആർആർആറിൽ ചന്ദ്രബോസ് എഴുതി എം.എം കീരവാണി ഈണമിട്ട ഗാനം ഗായകരായ രാഹുൽ സിപ്ലിഗും കാലഭൈരവയും ചേർന്ന് ഓസ്കർ വേദിയിൽ അവതരിപ്പിച്ചു. ഇതു രണ്ടാം തവണയാണ് ഇന്ത്യൻ ഗാനം തിരഞ്ഞെടുക്കപ്പെടുന്നത്. സ്ലംഡോഗ് മില്യനയർ ചിത്രത്തിൽ എ.ആർ. റഹ്മാൻ സംഗീതം പകർന്നു ലോകപ്രസിദ്ധമായ "ജയ് ഹോ" ഗാനം 2009 ലെ ഓസ്കർ ചടങ്ങിൽ അവതരിപ്പിച്ചിരുന്നു. തൊണ്ണൂറ്റിയഞ്ചാം ഓസ്കർ വേദിയിലേക്ക് ഇന്ത്യൻ വേഷത്തിലാണ് ആർ.ആർ.ആർ സംഘമെത്തിയത്. സംവിധായകൻ എസ്.എസ് രാജമൗലി, ജൂനിയർ എൻ.ടി.ആർ, രാം ചരൺ, കാല ഭൈരവ, രാഹുൽ സിപ്ലിഗഞ്ച് കൊറിയോഗ്രാഫർ പ്രേം രക്ഷിത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
