മലയാളി വിദ്യാർത്ഥിനി ബ്രിട്ടനിലെ ലീഡ്സിൽ കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൻകുമാർ - ലാലി ദമ്പതികളുടെ മകൾ ആതിര അനിൽ കുമാർ (25) ആണ് മരിച്ചത്. ലീഡ്സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആതിര സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം.

ആതിരയ്ക്ക് ഒപ്പമുള്ള രണ്ട് മലയാളി വിദ്യാർത്ഥികൾക്കും ഒരു മധ്യവയസ്കനും നിസാര പരിക്കുകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വെസ്റ്റ് യോർക്ക്ഷെയർ പൊലീസ് എയർ ആംബുലൻസിൻ്റെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം നിർത്തിവെയ്ക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആതിരയുടെ മൃതദേഹം ബ്രാഡ്ഫോർഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.